02:59am 09 November 2026
NEWS
ഷാംപൂവും കാസ്റ്റിക് സോഡയും ചേർത്ത് കൃത്രിമ പാൽ; പിന്നിൽ വൻ റാക്കറ്റ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
18/08/2026  10:21 AM IST
nila
ഷാംപൂവും കാസ്റ്റിക് സോഡയും ചേർത്ത് കൃത്രിമ പാൽ; പിന്നിൽ വൻ റാക്കറ്റ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

മുംബൈ: രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ദിവസവും ഉപയോഗിക്കുന്ന പാലിന്റെ ശുദ്ധിയെക്കുറിച്ച് ആശങ്ക ഉയർത്തുന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). യഥാർഥ പാലിന് പകരം രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമ പാൽ നിർമിക്കുന്ന സമാന്തര യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു എന്നാണ് വെളിപ്പെടുത്തൽ. മഹാരാഷ്ട്ര എഫ്ഡിഎ കമ്മിഷണർ തുക്കാരാം മുണ്ടെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

‘ഫൂഡ് ഫാർമർ’ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് മായംചേർക്കൽ റാക്കറ്റിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. മേയ് 25ന് ചുമതലയേറ്റതിന് ശേഷം സംസ്ഥാനത്ത് എഫ്ഡിഎ പരിശോധന ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

1,131 പരിശോധനകൾ; കോടികളുടെ ഭക്ഷ്യവസ്തുക്കൾ പിടിയിൽ

ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിദിനം 20-ലധികം പരിശോധനകളാണ് എഫ്ഡിഎ നടത്തുന്നത്. ഇതുവരെ 1,131 പരിശോധനകൾ നടത്തിയതായും 49.57 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായും മുണ്ടെ വ്യക്തമാക്കി. ഇതിനൊപ്പം 1.6 ലക്ഷം ലീറ്റർ മായംചേർത്ത പാലും പിടികൂടിയിട്ടുണ്ട്.

ഷാംപൂ, കാസ്റ്റിക് സോഡ; പാലിന് സമാനമായ ദ്രാവകം

സ്കിംഡ് മിൽക്ക് പൗഡർ, കാസ്റ്റിക് സോഡ, എമൽസിഫയറുകൾ, ഷാംപൂ തുടങ്ങിയവ പ്രത്യേക അനുപാതത്തിൽ കലർത്തിയാണ് ചില കേന്ദ്രങ്ങളിൽ കൃത്രിമ പാൽ നിർമിക്കുന്നതെന്നാണ് കണ്ടെത്തൽ. യഥാർഥ പാലിന്റെ രൂപത്തോടും ഘടനയോടും സാമ്യമുള്ള ദ്രാവകമാണ് ഇത്തരത്തിൽ നിർമിക്കുന്നത്.

യഥാർഥ പാലിനെ അപേക്ഷിച്ച് നിർമാണച്ചെലവ് വളരെ കുറവാണെന്നതാണ് ഇത്തരം കൃത്രിമ പാലിന്റെ പ്രധാന ആകർഷണം. മഹാരാഷ്ട്രയിൽ യഥാർഥ പാലിന്റെ വിപണി വില ലീറ്ററിന് ഏകദേശം 40 മുതൽ 50 രൂപ വരെയാണ്.

  • കൃത്രിമ പശുവിൻപാൽ: ലീറ്ററിന് ഏകദേശം 15 രൂപ നിർമാണച്ചെലവ്
  • കൃത്രിമ എരുമപ്പാൽ: ലീറ്ററിന് ഏകദേശം 30 രൂപ നിർമാണച്ചെലവ്

വിലകുറഞ്ഞ കൃത്രിമ പാൽ യഥാർഥ പാലിൽ കലർത്തി വിപണിയിലെത്തിക്കുന്നതിലൂടെ വൻ ലാഭമാണ് മായംചേർക്കുന്നവർ നേടുന്നത്. കർഷകതലം മുതൽ പാൽ ശേഖരണ കേന്ദ്രങ്ങളും ശീതീകരണ യൂണിറ്റുകളും വരെ വിവിധ ഘട്ടങ്ങളിലാണ് മായംചേർക്കൽ നടക്കുന്നതെന്നാണ് എഫ്ഡിഎയുടെ കണ്ടെത്തൽ.

‘ഓരോ തുള്ളി പാലും ട്രാക്ക് ചെയ്യണം’

പാലിന്റെ ഉറവിടം മുതൽ ഉപഭോക്താവിലേക്കുള്ള യാത്ര ഡിജിറ്റലായി രേഖപ്പെടുത്തുകയാണ് മായംചേർക്കൽ തടയാനുള്ള പ്രധാന മാർഗമെന്ന് തുക്കാരാം മുണ്ടെ പറഞ്ഞു.

ഓരോ ക്ഷീരകർഷകന്റെയും കൈവശമുള്ള കന്നുകാലികളുടെ എണ്ണം, അവയുടെ ഉൽപാദനശേഷി, ശേഖരിക്കുന്ന പാലിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. നാഷനൽ ഡിജിറ്റൽ ലൈവ്‌സ്റ്റോക്ക് മിഷന്റെ ഭാഗമായി മൃഗങ്ങൾക്ക് നൽകുന്ന ഡിജിറ്റൽ ടാഗുകൾ പാൽ ശേഖരണ വിവരങ്ങളുമായി ബന്ധിപ്പിക്കാനാണ് നിർദേശം.

ഒരു ഗ്രാമത്തിലെ രജിസ്റ്റർ ചെയ്ത കന്നുകാലികളുടെ ഉൽപാദനശേഷിയേക്കാൾ കൂടുതലായി പാൽ ശേഖരിക്കുന്നതായി കണ്ടെത്തിയാൽ ഡിജിറ്റൽ സംവിധാനം വഴി അധികൃതർക്ക് മുന്നറിയിപ്പ് ലഭിക്കുന്ന രീതിയിലാണ് സംവിധാനം വിഭാവനം ചെയ്യുന്നത്.

റസ്റ്ററന്റുകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

പാൽ മായംചേർക്കൽ മാത്രമല്ല, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും മഹാരാഷ്ട്ര എഫ്ഡിഎ നടപടി ശക്തമാക്കിയിട്ടുണ്ട്. ചുമതലയേറ്റതിന് ശേഷം റസ്റ്ററന്റുകൾ, ഹോട്ടലുകൾ, ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 1,100-ലധികം പരിശോധനകൾ നടത്തിയതായി മുണ്ടെ അറിയിച്ചു.

കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ, കേടായ ഇറച്ചി, പാചക എണ്ണയുടെ ആവർത്തിച്ചുള്ള ഉപയോഗം, വൃത്തിഹീനമായ സാഹചര്യങ്ങൾ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുംബൈയിലെ പ്രമുഖ ഹോട്ടലുകളും ക്ലബ്ബുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നിരുന്നു.

20 വർഷത്തിനിടെ 25 സ്ഥലംമാറ്റങ്ങൾ

കർശനമായ ഭരണനടപടികളിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് തുക്കാരാം മുണ്ടെ. ഏകദേശം 20 വർഷത്തെ ഔദ്യോഗിക സേവനത്തിനിടെ 25 തവണ സ്ഥലംമാറ്റം നേരിട്ടിട്ടുണ്ട്. രാഷ്ട്രീയ–ഭരണ സമ്മർദങ്ങൾക്ക് വഴങ്ങാതെ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്ഥലംമാറ്റങ്ങളെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ വിലയിരുത്തുന്നത്.

കർഷകൻ മുതൽ ഉപഭോക്താവ് വരെയുള്ള പാൽ വിതരണശൃംഖല പൂർണമായും ഡിജിറ്റലൈസ് ചെയ്യാൻ കഴിഞ്ഞാൽ രാജ്യത്തെ പാൽ മായംചേർക്കൽ തടയുന്നതിൽ നിർണായക മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് മഹാരാഷ്ട്ര എഫ്ഡിഎയുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img